കാസര്‍ഗോഡ്: കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ കൊലത്തൂക്ക്. കെസിഎല്‍ മൂന്നാം എഡിഷനിലെ മികച്ച കളിക്കാരനും മികച്ച ബാറ്ററും അസ്ഹറുദ്ദീനാണ്. ആലപ്പി റിപ്പിള്‍സ് ടീമിന്റെ വൈസ് ക്യാപ്റ്റനായ ഈ ഓപ്പണിംഗ് ബാറ്റര്‍ 11 മാച്ചുകളില്‍ നിന്നായി 596 റണ്‍സാണ് അടിച്ചുകൂട്ടിയത്. മൂന്നു വീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടി. 85.14 ആണ് ശരാശരി. സ്ട്രൈക്ക് റേറ്റ് 193.51. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടിയതും അസ്ഹറുദ്ദീനാണ്. 48 എണ്ണം. 31 ബൗണ്ടറികളും നേടി. ഇതോടെ കെസിഎല്ലില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന നേട്ടവും അസ്ഹറുദ്ദീന് സ്വന്തമായി. മത്സരം കാണാനെത്തിയ മുംബൈ ഇന്ത്യന്‍ സ്കൗട്ട് പ്രവീണ്‍ ആംറെ അസ്ഹറുദ്ദീന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി. കെസിഎല്ലിലെ ഉജ്വല പ്രകടനം ഐപിഎല്‍ ലേലത്തിൽ അസ്ഹറുദ്ദീന്റെ മൂല്യം വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
ടെസ്റ്റ് ക്രിക്കറ്റിലും ട്വന്റി-20 ഒരുപോലെ മികവുപുലര്‍ത്തുന്ന താരമാണ് അസ്ഹറുദ്ദീന്. 2024ല്‍ കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ നിര്‍ണായകമായത് അസ്ഹറുദ്ദീന്റെ പ്രകടനമാണ്. ആറാമതും ഏഴാമതും ഒക്കെയായി ഇറങ്ങി ക്രീസിലിറങ്ങിയ അസ്ഹറുദ്ദീന് ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളുമാണ് ആ ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. ഈ പ്രകടനമികവ് കഴിഞ്ഞവര്‍ഷത്തെ ദുലീപ് ട്രോഫിയില്‍ ദക്ഷിണമേഖലയുടെ ക്യാപ്റ്റന്‍ സ്ഥാനം അസ്ഹറുദ്ദീന് നേടിക്കൊടുത്തു. 2021ലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈക്കെതിരെ അവരുടെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ 11 സിക്സറും ഒമ്പതു ഫോറും അടക്കം 54 പന്തില്‍ 137 റണ്‍സ് നേടി ചരിത്രം സൃഷ്ടിച്ച അസ്ഹറുദ്ദീന്റെ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ ആരും മറക്കാനിടയില്ല.
കാസര്‍ഗോഡ് തളങ്കര കടവത്തെ പരേതരായ ബി.കെ.മൊയ്തുവിന്റെയും നഫീസയുടെയും എട്ട് ആണ്മക്കളില് ഏറ്റവും ഇളയവനായ അസ്ഹറുദ്ദീന് തന്റെ 10-ാം വയസ് മുതല്‍ തളങ്കര താസ് ക്ലബിനുവേണ്ടി കളിച്ചുതുടങ്ങിയതാണ്. 11-ാം വയസില്‍ അണ്ടര്‍ -13 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ക്യാപ്റ്റനായി. അണ്ടര്‍- 15 ടീമിനെയും നയിച്ചു. 2013ല്‍ അണ്ടര്‍ -19 കേരള ടീമില്‍ ഇടംനേടി. രണ്ടുവര്‍ഷത്തിനുശേഷം അണ്ടര്‍- 23 ടീമിലും സീനിയര്‍ ടീമിലും ഇടം നേടി. 2015 നവംബര്‍ 14നു ഗോവയ്ക്കെതിരെ രഞജി അരങ്ങേറ്റം കുറിച്ച അസ്ഹറുദ്ദീന് ടീമിലെ സ്ഥിരാംഗമായി മാറി.